തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം എന്തുമായിക്കൊള്ളട്ടെ, കേരള നിയമസഭയിലെ ഇടതുപക്ഷാംഗങ്ങൾക്ക് ഒരു കാര്യത്തിൽ സംശയമേയില്ല. അതു മൂന്നാം ഇടതുസർക്കാർ വരുമെന്നതിലാണ്. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രമേ ഒരു തീരുമാനമാകാനുള്ളൂ.
ഡെപ്യൂട്ടി സ്പീക്കർക്കു നിയമസഭയിൽ വർഷത്തിൽ ഒരു തവണ മാത്രമേ പ്രസംഗിക്കാൻ അവസരം ലഭിക്കുകയുള്ളൂ. ബജറ്റിന്റെ പൊതുചർച്ച തുടങ്ങി വച്ചു കൊണ്ടുള്ള പ്രസംഗമാണത്. ഇന്നലെ ഇരുപതു മിനിറ്റ് നീണ്ട പ്രസംഗത്തിലുടനീളം ഇടതുഭരണ നേട്ടങ്ങൾ അക്കമിട്ടു നിരത്തിയ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഒടുവിൽ സ്വയം രചിച്ച രണ്ടു വരി കവിത ചൊല്ലിക്കൊണ്ടാണു പ്രസംഗം ഉപസംഹരിച്ചത്. അതിങ്ങനെ: “നാടിൻ കരുത്തായ് തുടരും ഞങ്ങൾ, ജനഹിതമായ് തുടരും ഞങ്ങൾ.”
മലയാളികൾ അത്ര മോശക്കാരല്ലെന്നാണ് എ. പ്രഭാകരന്റെ പക്ഷം. നല്ല വിവരമുള്ളവരാണ്. അവർ എല്ലാം തീരുമാനിച്ചുറപ്പിച്ചു വച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും അങ്ങനെ തന്നെ ആയിരുന്നോ എന്ന സംശയം ആർക്കുമുണ്ടായില്ല.
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനെത്തുടർന്ന് ഭരണപക്ഷം ബജറ്റ് ചർച്ചയിൽ ഏകപക്ഷീയമായി ഗോളടിച്ചു മുന്നേറുകയായിരുന്നു. ബജറ്റ് അവതരണത്തിനു പിന്നാലെ കേരളത്തിലെ ഓട്ടോ സ്്റ്റാൻഡുകളിൽ ലഡു വിതരണവും പായസം വിതരണവും മുദ്രാവാക്യം വിളിയുമെല്ലാം അരങ്ങേറിയത്രേ! ഓട്ടോറിക്ഷക്കാർക്കു ധനമന്ത്രി വാരിക്കോരി കൊടുത്തതിന്റെ ആഹ്ലാദപ്രകടനമായിരുന്നു അതെല്ലാം.
കെ.എൻ. ബാലഗോപാലിന്റെ ബജറ്റിനെ വാനോളം പുകഴത്തിയവർ കേന്ദ്ര ബജറ്റിനെ വെറുതേവിട്ടില്ല. ആമ ബജറ്റെന്നും ആമമുട്ട ബജറ്റെന്നുമെല്ലാം ഭരണപക്ഷാംഗങ്ങൾ കേന്ദ്ര ബജറ്റിനെ വിശേഷിപ്പിച്ചു കൊണ്ടിരുന്നു. ഹൈസ്പീഡ് ട്രെയിൻ ആവശ്യപ്പെടുന്പോൾ ആമയെ തരുന്നു എന്നായിരുന്നു പി. മമ്മിക്കുട്ടിയുടെ ആക്ഷേപം.
പ്രതിപക്ഷത്തു നോട്ടമിട്ടു വച്ചിരിക്കുന്നവരെ ഭരണപക്ഷത്തു നിന്നു പ്രസംഗിച്ച പലരും നന്നായി പെരുമാറി വിട്ടു. പ്രതിപക്ഷത്താരും ഇല്ലാതിരുന്നതിനാൽ എതിർശബ്ദങ്ങളില്ലാതെ ഭംഗിയായി പറയാൻ പറ്റി എന്ന ചാരിതാർഥ്യവും അവർക്കുണ്ടായി കാണും.
മാനനഷ്ടക്കേസിൽ വരെ എത്തിനിൽക്കുകയാണ് കടകംപള്ളി സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള പോര്. അതുകൊണ്ട് കടകംപള്ളിയുടെ ഒന്നാം നന്പർ ശത്രു ആരെന്ന കാര്യത്തിൽ തർക്കമില്ല. പരമശുദ്ധനായ മന്ത്രി വി. ശിവൻകുട്ടിയേക്കുറിച്ച് ആക്ഷേപകരമായി സതീശൻ സംസാരിച്ചതിന്റെ പേരിലാണ് കടകംപള്ളി വിമർശനം അഴിച്ചുവിട്ടത്. മൈക്ക് കണ്ടാൽ ആരേക്കുറിച്ചും എന്തും പറയുന്ന തരത്തിൽ സതീശൻ അധഃപതിച്ചെന്നാണ് കടകംപള്ളി പറയുന്നത്. ശിവൻകുട്ടി സാധാരണക്കാരനാണെന്നും മാസം അറുപതു പുസ്തകമൊക്കെ വായിക്കുന്ന പണ്ഡിതനല്ലെന്നും വിജ്ഞാനത്തിന്റെ മറുകര കണ്ടയാളല്ലെന്നുമൊക്കെ പറഞ്ഞ് കടകംപള്ളി സതീശനെ നിർദയം കുത്തിക്കൊണ്ടിരുന്നു.
എം. വിജിനും കലിപ്പത്രയും പ്രതിപക്ഷ നേതാവിനോടായിരുന്നു. ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ തല കുന്പിട്ടു നിൽക്കുന്ന പ്രതിപക്ഷനേതാവു നാടിന് അപമാനമാണെന്നു വരെ വിജിൻ പറഞ്ഞു. സതീശന് ശിവൻകുട്ടിയോടു വിരോധമുണ്ടെന്നും അതിനു പിന്നിലൊരു കാരണമുണ്ടെന്നും കണ്ടുപിടിച്ചത് എം. നൗഷാദ് ആണ്. നേമത്ത് ശിവൻകുട്ടി ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതാണത്രേ സതീശന്റെ വിരോധത്തിനു കാരണം.
പി.വി. ശ്രീനിജൻ കണ്ട ശത്രു കിഴക്കന്പലത്തെ കോർപറേറ്റ് മുതലാളിയാണത്രേ. അദ്ദേഹത്തിന്റെ പാർട്ടി ഭരിക്കുന്ന പഞ്ചായത്തുകൾ പരമാവധി ശ്വാസം മുട്ടിച്ചിട്ടും വാഗ്ദാനങ്ങളെല്ലാം പാലിക്കാൻ സാധിച്ചതിന്റെ അഹങ്കാരമൊന്നും ശ്രീനിജനില്ല. എന്നാൽ, ജനങ്ങൾ അതു തിരിച്ചറിയുമെന്നു പ്രതീക്ഷയുണ്ട്. മറ്റംഗങ്ങൾ ഇടതുസർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിയെണ്ണി പറയുന്പോൾ ശ്രീനിജൻ മണ്ഡലത്തിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു.
മുഹമ്മദ് മുഹസിൻ മറ്റാരും കണ്ടെത്താത്ത യഥാർഥ ശത്രുവിനെ കണ്ടെത്തി. അതു മറ്റാരുമല്ല, കോണ്ഗ്രസിന്റെ തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലു തന്നെ.
2014ൽ നരേന്ദ്ര മോദിയുടെയും 2017ൽ യുപി ഭരണം പിടിക്കാൻ അമിത് ഷായ്ക്കും തന്ത്രമൊരുക്കിയ ചരിത്രമുള്ള കനഗോലു കേരളത്തിലും ഭൂരിപക്ഷ വോട്ട് ഏകീകരണം നടത്തി ബിജെപിയെ ഭരണത്തിലേറ്റുക എന്ന ദീർഘകാല ലക്ഷ്യവുമായി വന്നിരിക്കുന്ന ആളാണെന്ന് മുഹസിൻ പറഞ്ഞു. വിശ്വാസം വോട്ടാക്കി മാറ്റുന്ന ഉത്തരേന്ത്യൻ തന്ത്രമാണത്രെ കനഗോലു കേരളത്തിലും പയറ്റുന്നത്.